Friday, January 27, 2012

കാസനോവ - മറ്റൊരു ജനുവരി ദുരന്തം.

എന്തെല്ലാമായിരുന്നു.. 21 കോടി, ബുര്‍ജ് ഖലീഫ, 18 ആക്ഷന്‍ സീനുകള്‍, ബ്രഹ്മാണ്ട ചിത്രം. ഇത്രയും കെട്ടി പൊക്കി വെച്ച് അവസാനം പ്രേക്ഷകന്‍ (ഞാന്‍) ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന് അടി തെറ്റി താഴെ വീണാല്‍ എങ്ങനെയിരിക്കും? അതായിരുന്നു കാസനോവ എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കണ്ടിറങ്ങിയപ്പോള്‍ എന്റെ അവസ്ഥ. അതും ആദ്യ ദിനം തന്നെ. ഹോ, എന്തായിരുന്നു ആര്‍പ്പുവിളിയും മേളവും.. (പടം തുടങ്ങുന്നതിനു മുന്‍പ്).. പടം കഴിഞ്ഞതും, ആര്‍ക്കും ഒന്നും പറയാനില്ല. ഞാന്‍ അടക്കം ഏവരും പരസ്പരം നോക്കി എന്താ സംഭവിച്ചേ എന്ന് ആലോചിച്ചു പുറത്തിറങ്ങുന്ന അവസ്ഥ. മോഹന്‍ലാല്‍ പടങ്ങള്‍ക്ക് സാധാരണ ആദ്യദിനം പോകാത്ത ഞാന്‍ ഈ റിപ്പബ്ലിക് ദിനത്തില്‍ തന്നെ എന്തിനു ഇത് ചെയ്തു? ഞാനും ഇന്നലെ തൊട്ടു ആലോചിച്ചു തുടങ്ങിയതാ, ഇത് വരെ ഉത്തരം കിട്ടിയിട്ടില്ല. ആ E 27 സീറ്റ് ഒരിക്കലും ഞാന്‍ മറക്കില്ല. എന്റെ പ്രതീക്ഷകളെ തച്ചുടച്ച ആ സീറ്റ്. അല്ല, ഞാന്‍ ആ സീറ്റിനെ എന്തിനാ പറയണേ, ഏതു സീറ്റില്‍ ഇരുന്നാലും പടം കാസനോവ തന്നെയാണല്ലോ. തുടങ്ങാം, ആകെ ജനുവരിയില്‍ ഇറങ്ങിയ 6 പടങ്ങളില്‍ എന്റെ മൂന്നാം കാഴ്ചയും, മൂന്നാം ദുരന്തവും.

കാസനോവ - വരൂ, പ്രണയത്തില്‍ വന്നു ചാടൂ, അല്ല, ശരിക്കും ഈ ട്രെയിനിനു മുന്നില്‍ വന്നു ചാടൂ എന്ന് പറഞ്ഞാല്‍ സത്യമാകും. അപ്പൊ നിങ്ങള്‍ ചോദിക്കും, എന്താ, ഈ സിനിമ അത്രയ്ക്കും ബോറാണോ എന്ന്. അങ്ങനെ ചോദിച്ചാല്‍, അല്ല. കുഞ്ഞളിയന്റെ അത്രയൊന്നും കാസനോവ വരില്ല ബോറടിപ്പിക്കലിന്റെ കാര്യത്തില്‍. തീര്‍ച്ചയായും നിങ്ങള്ക്ക് ഇഷ്ടപെടാനുള്ള കുറച്ചു സീനുകള്‍ ഇതിലുണ്ട്. പ്രത്യേകിച്ചും കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്കും, യുവാക്കള്‍ക്കും. പക്ഷെ, അതൊക്കെ നിങ്ങള്‍ പടത്തിന്റെ രണ്ടാം പകുതിയോടു കൂടി മറക്കും, അല്ല, നിങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് അതൊക്കെ തുടച്ചു നീക്കപ്പെടും (ഇപ്പൊ പറഞ്ഞ വാക്യത്തിനു കടപ്പാട്: നജിന്‍ തിരുവാനന്ദ സ്വാമികള്‍ക്ക്). നേരത്തെ പറഞ്ഞ പോലെ ബുര്‍ജ് ഖലീഫയുടെ അത്രയും പൊക്കത്തില്‍ പ്രതീക്ഷകളും വെച്ചാണ് ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കാസനോവ കാണാന്‍ കോഴിക്കോട് രാധ തീയറ്ററില്‍ എത്തിയത്. ബാല്‍ക്കണിയില്‍ സീറ്റ് ബുക്ക് ചെയ്തിരുന്നത് കൊണ്ട് അധികം കഷ്ടപെടാതെ ഉള്ളില്‍ കയറിപറ്റി. (സീറ്റ് ബുക്ക് ചെയ്ത അരുണ്‍ കണവന് നന്ദി. അല്ല, അവനു എന്തിനാ നന്ദി? ^(*^%^$$^%^(**&)%$^. തെറിയാ, അത് മതി അവന്. ടിക്കറ്റ്‌ കിട്ടിയില്ലെന്ന് പറഞ്ഞുടായിരുന്നോടാ പന്നീ, സാരല്യ, നിനക്കും സമാധാനമായല്ലോ.).

അങ്ങനെ ബാല്‍ക്കണിയില്‍ (ബാല്‍ 'ക്കെണി' ആയിപ്പോയി) കയറി സീറ്റില്‍ ഞെളിഞ്ഞങ്ങു ഇരുന്നു. താഴെ ലാലേട്ടന് ജയ് വിളികളും മറ്റും, ശെരിക്കും ഒരു ആഘോഷം തന്നെ. സ്ക്രീനില്‍ പേരും മറ്റും കാണിച്ചു തുടങ്ങിയപ്പോള്‍ ആര്‍പ്പുവിളികളുടെ ഒച്ച കൂടി. ആഹാ, സന്തോഷം, സുഖകരം. ലാലേട്ടന്റെ ഇന്ട്രോ ഒക്കെ കിടിലന്‍ ആയിരുന്നു, ഹാര്‍ലി ഡേവിഡ്സണില്‍ അണ്ണന്‍ വരുമ്പോള്‍ കാണികളുടെ കരഘോഷം എന്താ. ഹോ, അന്യായം. അങ്ങനെ പടം ഇടയ്ക്ക് ചിരിപ്പിച്ചു കൊണ്ടും ആവേശമുണര്‍ത്തിയും ചില സംശയങ്ങള്‍ ജനിപ്പിച്ചു കൊണ്ടും, റോമയുടെ സീനുകളില്‍ കൂവിച്ചും വലിയ ബോര്‍ ഒന്നുമില്ലാതെ ഇടവേള വരെ പോയി. പക്ഷെ, പ്രതീക്ഷയ്ക്കൊത്ത് പടം അപ്പോഴും എത്തിയില്ല. എന്നാലും സാരമില്ല, രണ്ടാം പകുതിയുണ്ടല്ലോ, എന്തായാലും തകര്‍ക്കും എന്ന് ഉറപ്പിച്ചു കൊണ്ട് സ്നാക്സ് വാങ്ങി കൊറിച്ച് കൊണ്ട് വീണ്ടും അകത്തേക്ക്. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഒട്ടും മോശമാക്കിയില്ല, ഫ്ലാഷ് ബാക്ക് ആണെങ്കിലും നല്ല കോമഡിയോട് കൂടെ തുടങ്ങി. ആദ്യപകുതിയില്‍ കണ്ട ലാല്‍ അല്ല രണ്ടാം പകുതിയിലേത്. ആളിന്റെ മുഖം മാറിയില്ലെങ്കിലും സ്വഭാവം മൊത്തം മാറി. ആദ്യ പകുതിയില്‍ ലോലനെങ്കിലും കുറച്ചു സീരിയസ് ആയിരുന്നു ആള്‍. പണ്ട് അങ്ങനെയല്ല, തനി ലോലന്‍, പെണ്‍പിള്ളേരുമായി  കൊഞ്ചി കുഴഞ്ഞു ചളിയടിച്ചു നടക്കുന്ന വീരന്‍. പക്ഷെ, സത്യം പറയാല്ലോ, ഇതാണോ കാസനോവ എന്നോര്‍ത്ത് നമ്മള്‍ ലജ്ജിക്കും. അത്രയ്ക്കും തരാം താഴുകയാണ് നമ്മുടെ നായകന്‍.

പറഞ്ഞിട്ട് കാര്യമില്ല, കൊടുത്ത റോള്‍ അഭിനയിക്കനല്ലേ പറ്റൂ, അത് അദ്ദേഹം ഭംഗിയായി അഭിനയിക്കുകയും ചെയ്തു. കുറച്ചു സ്പീഡില്‍ പോയി കൊണ്ടിരുന്ന സിനിമ അവിടെ നില്‍ക്കുകയാണ്. പിന്നെയങ്ങോട്ട് ഒച്ച്‌ ഇഴയുന്നതിലും വേഗം കുറഞ്ഞു നീങ്ങുന്നു, പ്രണയ സീനുകളോട് പ്രണയ സീനുകള്‍. മോഹന്‍ലാലും ശ്രിയയുമാണ്‌ താരങ്ങള്‍ ഇവിടെ. എല്ലാ സീനിനും ആവശ്യത്തിലധികം കൂവല്‍ കൊടുത്തു കൊണ്ട് പ്രേക്ഷകരും തങ്ങളുടെ നിലപാട് അറിയിക്കുന്നുണ്ട്, പക്ഷെ, എന്ത് ചെയ്യാന്‍, ഒരിക്കലും തീരാന്‍ പോകുന്നില്ല എന്ന വാശിയോടെയാണ് ഇവരുടെ പ്രണയം. രണ്ടു പേരും തമ്മില്‍ ഒട്ടും ചേര്‍ച്ചയില്ലെങ്കിലും സ്ക്രീന്‍ കെമിസ്ട്രി ഒട്ടും തന്നെ ഇല്ലായിരുന്നു. അങ്ങനെ ബോറടിയുടെ അങ്ങേയറ്റം കണ്ടിരിക്കുന്ന സമയത്താണ് ശ്രിയയുടെ കൊലപാതകം വഴി ഒരു കിടിലന്‍ ട്വിസ്റ്റ്‌., ഹാവൂ, ഇനിയെങ്കിലും നന്നാവുമായിരിക്കുമെന്നു വിചാരിച്ചു സന്തോഷിച്ചു. എവിടെ... ആര് നന്നാവാന്‍? എന്നെ തല്ലണ്ടാമ്മേ, ഞാന്‍ നന്നാവൂല എന്ന് പറഞ്ഞത് പോലെ ഒരു അറുബോറന്‍ ക്ലൈമാക്സും സമ്മാനിച്ച്‌ കൊണ്ട് ഒന്നും എവിടെയും എത്തിക്കാതെ കാസനോവ തീര്‍ന്നു. എന്താ, ല്ലേ ടോ..

+ves 
മോഹന്‍ലാല്‍ ... ഈ പടം ആര്‍ക്കെങ്കിലും കുറച്ചെങ്കിലും ഇഷ്ടപ്പെട്ടെങ്കില്‍ അത് ഈ നടന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രം.
ക്യാമറ വര്‍ക്ക്‌.,
ശ്രിയ... അധികം ബോറടിപ്പിക്കാത്ത അഭിനയം.
ആദ്യ പകുതിയിലെ ചില ഡയലോഗുകളും കോമഡികളും.
വില്ലന്മാരില്‍ ഒരുത്തന്‍., അര്‍ജുന്‍.,
ഒരു പാട്ടും പശ്ചാത്തല സംഗീതവും.

-ves റോഷന്‍  ആന്‍ഡ്രൂസിന്റെ സംവിധാനം... കുറച്ചു നല്ലതാണെങ്കിലും ഇതിനു മുന്‍പ് ചെയ്തത് വെച്ച് നോക്കുമ്പോള്‍ പോര.
നായികമാര്‍...,, (ശ്രിയ ഒഴികെ ബാക്കിയെല്ലാം ആവശ്യത്തിനു വെറുപ്പിച്ചു.)
രണ്ടാം പകുതിയിലെ പ്രണയ രംഗങ്ങള്‍... ((...,(ബോറടിയുടെ കൊടുമുടി)
ക്ലൈമാക്സ് (ഒന്നും പറയാനില്ല)
ജഗതി, ശങ്കര്‍ (രണ്ടു പേരെയും നശിപ്പിച്ചു)
മോഹന്‍ലാലിന്‍റെ സെന്റി ഡയലോഗുകള്‍
ആക്ഷന്‍ രംഗങ്ങള്‍ (ഒന്നിനും ഒരു പൂര്‍ണത ഇല്ലായിരുന്നു)
വില്ലന്മാര്‍ (ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ചാടി കളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല)
ബോബി സഞ്ജയ്‌ ടീമിന്റെ തിരക്കഥ.. (ട്രാഫിക്‌ എഴുതിയ അതെ ആള്‍ക്കാര്‍ തന്നെയാണെന്ന് വിശ്വസിക്കാനെ പറ്റുന്നില്ല.)

മൊത്തത്തില്‍ പറഞ്ഞാല്‍ കാസനോവ = ന്യൂ പോലീസ് സ്റ്റോറി + ധൂം + ലവ് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍..,,

കാസനോവ -  4 /10

അവസാനമായി എന്നെ പറ്റി ഒരു വാക്യം...

ഞാന്‍ അജിന്‍ കൃഷ്ണ.. ഫ്ലോപ്പുകള്‍ കണ്ടു കൊതി തീരാത്തവന്‍ എന്നര്‍ത്ഥം.. 

No comments:

Post a Comment