Saturday, February 4, 2012

സെക്കന്റ്‌ ഷോ - പിള്ളാര്‌ കളി തുടങ്ങി

ഇതെഴുതുമ്പോള്‍ കുറച്ചു സമാധാനത്തോടെ എഴുതാന്‍ പറ്റിയതില്‍ അതിയായ സന്തോഷമുണ്ട്. അങ്ങനെ 2012 ല്‍ ഒരു നല്ല സിനിമ കണ്ടു. സിനിമയുടെ പേര് സെക്കന്റ്‌ ഷോ. പേര് കേള്‍ക്കുമ്പോള്‍ ഒരു വ്യത്യസ്തത ഒക്കെ തോന്നുന്നുണ്ട്, ല്ലേ? ഇല്ലെങ്കില്‍ എനിക്ക് തോന്നുന്നുണ്ട്. അത് മതി. അപ്പൊ പിന്നെ തുടങ്ങാം, ല്ലേ കഥ.

ഈ വട്ടം പോയത് മറ്റു മൂന്ന് പേരുമായാണ്.. വിന്‍സന്റ്, അരുണ്‍, മുജീബ്.. ഓഫീസിലെ ജോലിയും തീര്‍ത്തു, ഒരു 6 .30 നു കോഴിക്കോട് ശ്രീ തീയറ്റരിലേക്ക് വിട്ടു. മുജീബും വിന്‍സന്റും നേരത്തെ പോയി ടിക്കറ്റ്‌ എടുത്ത് വെച്ചിരുന്നതിനാല്‍ നേരെ ഹാളിനുള്ളിലേക്ക്. കുറച്ച വലത്തോട്ടാണ് സീറ്റ് കിട്ടിയത്. അതിനാല്‍ കുറച്ച്‌ ചെരിഞ്ഞിരുന്നു തന്നെ പടം കാണണമെന്ന് ഉറപ്പായി. ശ്രീ എന്ന് പറയുന്നത് ഒരു ചെറിയ തീയറ്റര്‍ ആണ്,ട്ടോ. പടം കാണാന്‍ കയറുന്നതിനു മുന്‍പ് ഓഫീസില്‍ വെച്ച് തന്നെ ഫോറം കേരളത്തില്‍ കുറച്ച്‌ നല്ല റിവ്യുസ് ഒക്കെ വന്നതിനാല്‍ കുറച്ചൊക്കെ പ്രതീക്ഷ ഉണ്ടായിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. ഇനി പടത്തിലേക്ക്.

ഫസ്റ്റ് ഷോ
അങ്ങനാണ് ഫസ്റ്റ് ഹാഫ് തുടങ്ങുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് ഒരു ബസ്‌ സ്റ്റോപ്പിലേക്ക് വന്നു കയറുന്ന നായകന്‍. നായകന്‍ നമ്മുടെ മമ്മുക്കയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആള്‍ കുഴപ്പമില്ലാത്ത ഗ്ലാമര്‍ താരമാണ്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പേര് ഹരി, ലാലു എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്നു. ബസ്‌ സ്റ്റോപ്പില്‍ വെച്ച് കണ്ടു മുട്ടുന്ന ഒരു ആളുമായി ചങ്ങാതിയാകുന്ന നായകന്‍ അവന്റെ ജീവിത കഥ വിശദീകരിക്കുന്നതാണ് ഫസ്റ്റ് ഷോയ്ക്ക്  തുടക്കം. ചില്ലറ തട്ടിപ്പ് പരിപാടികളും, മണല്‍ ക്കടത്തും, അടിപിടിയുമായി ജീവിക്കുന്ന നായകന്‍, സിസി പിടിത്തവുമായി നടക്കുന്ന ബാബുരാജിന്റെ കൂടെ ചേരുന്നതും, അവരുടെ കൂടെ ചേര്‍ന്നുള്ള ജീവിതവുമായി കഥ വികസിക്കുന്നു. ലാലുവിന്റെ ഉറ്റ സുഹൃത്തായ കുരുടിയായി അഭിനയിക്കുന്നത് സണ്ണിയാണ്. കാണുമ്പോള്‍ ശരിക്കും ഒരു പ്രാന്തന്‍ എന്ന് പറയാം. അങ്ങനെ ചില നര്‍മ്മ മുഹൂര്‍ത്തങ്ങളിലുടെയും മറ്റും അധികം ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്നു ചിത്രം. ഇടയ്ക്ക് നായിക (ഗൌതമി) രംഗപ്രവേശം നടത്തുന്നുണ്ട്. ചില അപ്രതീക്ഷിത സംഭവങ്ങളിളുടെ പടത്തിന്റെ ഇടവേള.

ഇടവേളയുടെ സമയം ഒരു പപ്സും കഴിച്ചു പെപ്സിയും കുടിച്ചിരിക്കുമ്പോള്‍ സ്ക്രീനിന്റെ സൈഡില്‍ ഒരനക്കം. നോക്കുമ്പോള്‍ ഒരു പൂച്ചയാണ്, ആശാന്‍ നല്ല ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതേ ഉള്ളൂ. ഒന്ന് നിവര്‍ന്നു ക്ഷീണം അകറ്റിയതിനു ശേഷം മൂപ്പര്‍ നേരെ സ്ക്രീനിന്റെ പിന്നിലുടെ അങ്ങ് പോയി. ഇതെങ്ങനെ അകത്തു കയറി, ഇതെങ്ങനെ പുറത്തു പോകും എന്നുള്ള സംശയങ്ങളുമായി ഇരിക്കുമ്പോഴാണ് രണ്ടാം പകുതി തുടങ്ങുന്നത്.

സെക്കന്റ്‌ ഷോ

വീണ്ടും നമ്മുടെ നായകനിലെക്കും പുതിയ സുഹൃത്തിലെക്കും വന്നെത്തുന്നതും വീണ്ടും തന്റെ കഥ തുടരുന്നതുമാണ് സെക്കന്റ്‌ ഷോ. അല്പം പ്രണയവും, ഒത്തിരി പ്രതികാരവും ഒത്തു ചേര്‍ന്ന രണ്ടാം പകുതി ആദ്യ പകുതിയില്‍ നിന്ന് കുറച്ച്‌ വ്യത്യസ്തമാണ്. പ്രതികാരത്തിന്റെ ക്രൂരമായ ഭാഷയൊക്കെ രണ്ടാം പകുതി നമുക്ക് കാട്ടി തരുന്നു. അങ്ങനെ നമ്മെ തികച്ചും ത്രില്ലിംഗ് ആയ രീതിയില്‍ ഇരുത്തി കൊണ്ട് ഒരു അപ്രതീക്ഷിത ട്വിസ്റ്റില്‍ പടം ക്ലൈമാക്സിലേക്ക് നീങ്ങുന്നു.. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കിടിലന്‍ സസ്പെന്‍സിലൂടെ ചിത്രം സമാപ്തിയിലേക്ക്. സ്ക്രീനില്‍ ഡയരക്ടരുടെ പേര് എഴുതി കാണിക്കുന്നു.

തേര്‍ഡ് ഷോ
അത് രണ്ടാം സസ്പെന്സ് ആയി കിടക്കട്ടെ. സിനിമ കാണുമ്പോള്‍ മനസ്സിലാകും.

ഇനി പിന്നാമ്പുറങ്ങളിലേക്ക്

ഒരു വളരെ ചെറിയ കഥ ഒട്ടും ബോറടിപ്പിക്കാതെ ചെയ്തു എന്നുള്ളതാണ് ഇതിന്റെ ഡയരക്ടര്‍, ശ്രീനാഥ് ന്റെ വിജയം.
സിനിമയിലെ ഏകദേശം 99 ശതമാനം പേരും പുതുമുഖങ്ങളാണ് എന്നുള്ളത് ഈ വിജയത്തിന് മാറ്റ് കൂട്ടുന്നു.
സ്ഥിരം ക്വട്ടേഷന്‍ കഥ തന്നെയാണെങ്കിലും അത് വളരെ റിയലിസ്റ്റിക് ആയി ചെയ്തിട്ടുണ്ട്.
മമ്മൂട്ടി എന്ന താര രാജാവിന്റെ മകനെ ഒട്ടും താരശോഭയില്ലാതെയും , തികച്ചും ഒരു സാധാരണക്കാരനായും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

+ves

ദുല്‍ഖര്‍ - തികച്ചും ഒരു പുതുമുഖം ആയ ദുല്‍ഖര്‍ വളരെ നന്നായി തന്നെ തനിക്കു ലഭിച്ച റോള്‍ ചെയ്തു. മലയാള സിനിമയിലേക്ക് ഒരു വാഗ്ദാനം തന്നെയാകും ഈ നടന്‍. പുതുമുഖ താരങ്ങളില്‍ ശബ്ദ ഗംഭീര്യത്തില്‍ ദുല്‍ഖര്‍ മുന്‍പന്തിയില്‍ തന്നെ. അഭിനയത്തിലും ഒട്ടും മോശം ആക്കിയില്ല, ചുരുക്കി പറഞ്ഞാല്‍, വാപ്പയെ പറയിപ്പിച്ചില്ല.

സണ്ണി - ഈ നടനും ഒരു നല്ല ഭാവിയുണ്ട് സിനിമയില്‍. അത്രയ്ക്കും നന്നായി നെല്‍സണ്‍ മണ്ടേല എന്ന കഥാപാത്രം അവതരിപ്പിച്ചു. കോമഡി ഒക്കെ വളരെ നന്നായി കൈകാര്യം ചെയ്തു.

ഗൌതമി - ആദ്യ പടം ആണെങ്കിലും അത് അറിയിച്ചതെ ഇല്ല. ചില സ്ഥലങ്ങളില്‍ അല്പം പതറിയെങ്കിലും നന്നായി തന്നെ തന്റെ വേഷം ചെയ്തു.

ബാബുരാജ്‌ - പറയേണ്ട ആവശ്യമുണ്ടോ... റോള്‍ കുറവാണെങ്കിലും കിട്ടിയ സമയത്ത് അണ്ണന്‍ തൂത്ത്‌ വാരി.

ഡയറക്ഷന്‍ (ശ്രീനാഥ്) - കിടു.

ബാക്കിയുള്ള ആരും മോശം ആക്കിയില്ല, തങ്ങളുടെ റോളുകള്‍ ആവുംവിധം ഭംഗിയായി തന്നെ ചെയ്തു.

പാട്ടുകളും പശ്ചാത്തല സംഗീതവും നന്നായിരുന്നു. (ചില സ്ഥലങ്ങളില്‍ അല്പം മോശം ആയോ എന്ന് സംശയം)

ഡയലോഗുകള്‍ ഒക്കെ ചീറി.

-ves
പ്രത്യേകിച്ചൊന്നും പറയാനില്ല.

എങ്കിലും എടുത്ത് പറയണം എന്നാണെങ്കില്‍ പുതുമുഖങ്ങളുടെ ഒരു ചെറിയ പ്രശ്നവും, ചിലയിടങ്ങളിലെ ലൈറ്റിംഗ് പ്രശ്നങ്ങളും പറയാം. അല്ലാതെ വേറെ ഒന്നും തന്നെ -ve എന്ന് പറയാനില്ല. അല്ലെങ്കില്‍ തന്നെ ഒരു പുതുമുഖ സിനിമയ്ക്ക് ഇത്രയും നന്നാകാമെങ്കില്‍ -ve ഒന്നും നോക്കണ്ട എന്നാണ് എന്റെ പക്ഷം.
സെക്കന്റ്‌ ഷോ - 8 /10
(ഈ പടം കാണാന്‍ നിങ്ങള്‍ മറക്കരുത്.. പല ചവറു സിനിമകള്‍ക്കിടയിലും യുവതാരനിരയെ വെച്ച് ഒരു  പുതുമുഖ സംവിധായകന്‍ എടുത്ത ഈ നല്ല സിനിമ അംഗീകരിക്കപ്പെടെണ്ടത്  തന്നെയാണ്)


സൈമാ, വണ്ടി മാറ്റിക്കോ, പിള്ളാര്‌ പണി തുടങ്ങി

Friday, January 27, 2012

കാസനോവ - മറ്റൊരു ജനുവരി ദുരന്തം.

എന്തെല്ലാമായിരുന്നു.. 21 കോടി, ബുര്‍ജ് ഖലീഫ, 18 ആക്ഷന്‍ സീനുകള്‍, ബ്രഹ്മാണ്ട ചിത്രം. ഇത്രയും കെട്ടി പൊക്കി വെച്ച് അവസാനം പ്രേക്ഷകന്‍ (ഞാന്‍) ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന് അടി തെറ്റി താഴെ വീണാല്‍ എങ്ങനെയിരിക്കും? അതായിരുന്നു കാസനോവ എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കണ്ടിറങ്ങിയപ്പോള്‍ എന്റെ അവസ്ഥ. അതും ആദ്യ ദിനം തന്നെ. ഹോ, എന്തായിരുന്നു ആര്‍പ്പുവിളിയും മേളവും.. (പടം തുടങ്ങുന്നതിനു മുന്‍പ്).. പടം കഴിഞ്ഞതും, ആര്‍ക്കും ഒന്നും പറയാനില്ല. ഞാന്‍ അടക്കം ഏവരും പരസ്പരം നോക്കി എന്താ സംഭവിച്ചേ എന്ന് ആലോചിച്ചു പുറത്തിറങ്ങുന്ന അവസ്ഥ. മോഹന്‍ലാല്‍ പടങ്ങള്‍ക്ക് സാധാരണ ആദ്യദിനം പോകാത്ത ഞാന്‍ ഈ റിപ്പബ്ലിക് ദിനത്തില്‍ തന്നെ എന്തിനു ഇത് ചെയ്തു? ഞാനും ഇന്നലെ തൊട്ടു ആലോചിച്ചു തുടങ്ങിയതാ, ഇത് വരെ ഉത്തരം കിട്ടിയിട്ടില്ല. ആ E 27 സീറ്റ് ഒരിക്കലും ഞാന്‍ മറക്കില്ല. എന്റെ പ്രതീക്ഷകളെ തച്ചുടച്ച ആ സീറ്റ്. അല്ല, ഞാന്‍ ആ സീറ്റിനെ എന്തിനാ പറയണേ, ഏതു സീറ്റില്‍ ഇരുന്നാലും പടം കാസനോവ തന്നെയാണല്ലോ. തുടങ്ങാം, ആകെ ജനുവരിയില്‍ ഇറങ്ങിയ 6 പടങ്ങളില്‍ എന്റെ മൂന്നാം കാഴ്ചയും, മൂന്നാം ദുരന്തവും.

കാസനോവ - വരൂ, പ്രണയത്തില്‍ വന്നു ചാടൂ, അല്ല, ശരിക്കും ഈ ട്രെയിനിനു മുന്നില്‍ വന്നു ചാടൂ എന്ന് പറഞ്ഞാല്‍ സത്യമാകും. അപ്പൊ നിങ്ങള്‍ ചോദിക്കും, എന്താ, ഈ സിനിമ അത്രയ്ക്കും ബോറാണോ എന്ന്. അങ്ങനെ ചോദിച്ചാല്‍, അല്ല. കുഞ്ഞളിയന്റെ അത്രയൊന്നും കാസനോവ വരില്ല ബോറടിപ്പിക്കലിന്റെ കാര്യത്തില്‍. തീര്‍ച്ചയായും നിങ്ങള്ക്ക് ഇഷ്ടപെടാനുള്ള കുറച്ചു സീനുകള്‍ ഇതിലുണ്ട്. പ്രത്യേകിച്ചും കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്കും, യുവാക്കള്‍ക്കും. പക്ഷെ, അതൊക്കെ നിങ്ങള്‍ പടത്തിന്റെ രണ്ടാം പകുതിയോടു കൂടി മറക്കും, അല്ല, നിങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് അതൊക്കെ തുടച്ചു നീക്കപ്പെടും (ഇപ്പൊ പറഞ്ഞ വാക്യത്തിനു കടപ്പാട്: നജിന്‍ തിരുവാനന്ദ സ്വാമികള്‍ക്ക്). നേരത്തെ പറഞ്ഞ പോലെ ബുര്‍ജ് ഖലീഫയുടെ അത്രയും പൊക്കത്തില്‍ പ്രതീക്ഷകളും വെച്ചാണ് ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കാസനോവ കാണാന്‍ കോഴിക്കോട് രാധ തീയറ്ററില്‍ എത്തിയത്. ബാല്‍ക്കണിയില്‍ സീറ്റ് ബുക്ക് ചെയ്തിരുന്നത് കൊണ്ട് അധികം കഷ്ടപെടാതെ ഉള്ളില്‍ കയറിപറ്റി. (സീറ്റ് ബുക്ക് ചെയ്ത അരുണ്‍ കണവന് നന്ദി. അല്ല, അവനു എന്തിനാ നന്ദി? ^(*^%^$$^%^(**&)%$^. തെറിയാ, അത് മതി അവന്. ടിക്കറ്റ്‌ കിട്ടിയില്ലെന്ന് പറഞ്ഞുടായിരുന്നോടാ പന്നീ, സാരല്യ, നിനക്കും സമാധാനമായല്ലോ.).

അങ്ങനെ ബാല്‍ക്കണിയില്‍ (ബാല്‍ 'ക്കെണി' ആയിപ്പോയി) കയറി സീറ്റില്‍ ഞെളിഞ്ഞങ്ങു ഇരുന്നു. താഴെ ലാലേട്ടന് ജയ് വിളികളും മറ്റും, ശെരിക്കും ഒരു ആഘോഷം തന്നെ. സ്ക്രീനില്‍ പേരും മറ്റും കാണിച്ചു തുടങ്ങിയപ്പോള്‍ ആര്‍പ്പുവിളികളുടെ ഒച്ച കൂടി. ആഹാ, സന്തോഷം, സുഖകരം. ലാലേട്ടന്റെ ഇന്ട്രോ ഒക്കെ കിടിലന്‍ ആയിരുന്നു, ഹാര്‍ലി ഡേവിഡ്സണില്‍ അണ്ണന്‍ വരുമ്പോള്‍ കാണികളുടെ കരഘോഷം എന്താ. ഹോ, അന്യായം. അങ്ങനെ പടം ഇടയ്ക്ക് ചിരിപ്പിച്ചു കൊണ്ടും ആവേശമുണര്‍ത്തിയും ചില സംശയങ്ങള്‍ ജനിപ്പിച്ചു കൊണ്ടും, റോമയുടെ സീനുകളില്‍ കൂവിച്ചും വലിയ ബോര്‍ ഒന്നുമില്ലാതെ ഇടവേള വരെ പോയി. പക്ഷെ, പ്രതീക്ഷയ്ക്കൊത്ത് പടം അപ്പോഴും എത്തിയില്ല. എന്നാലും സാരമില്ല, രണ്ടാം പകുതിയുണ്ടല്ലോ, എന്തായാലും തകര്‍ക്കും എന്ന് ഉറപ്പിച്ചു കൊണ്ട് സ്നാക്സ് വാങ്ങി കൊറിച്ച് കൊണ്ട് വീണ്ടും അകത്തേക്ക്. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഒട്ടും മോശമാക്കിയില്ല, ഫ്ലാഷ് ബാക്ക് ആണെങ്കിലും നല്ല കോമഡിയോട് കൂടെ തുടങ്ങി. ആദ്യപകുതിയില്‍ കണ്ട ലാല്‍ അല്ല രണ്ടാം പകുതിയിലേത്. ആളിന്റെ മുഖം മാറിയില്ലെങ്കിലും സ്വഭാവം മൊത്തം മാറി. ആദ്യ പകുതിയില്‍ ലോലനെങ്കിലും കുറച്ചു സീരിയസ് ആയിരുന്നു ആള്‍. പണ്ട് അങ്ങനെയല്ല, തനി ലോലന്‍, പെണ്‍പിള്ളേരുമായി  കൊഞ്ചി കുഴഞ്ഞു ചളിയടിച്ചു നടക്കുന്ന വീരന്‍. പക്ഷെ, സത്യം പറയാല്ലോ, ഇതാണോ കാസനോവ എന്നോര്‍ത്ത് നമ്മള്‍ ലജ്ജിക്കും. അത്രയ്ക്കും തരാം താഴുകയാണ് നമ്മുടെ നായകന്‍.

പറഞ്ഞിട്ട് കാര്യമില്ല, കൊടുത്ത റോള്‍ അഭിനയിക്കനല്ലേ പറ്റൂ, അത് അദ്ദേഹം ഭംഗിയായി അഭിനയിക്കുകയും ചെയ്തു. കുറച്ചു സ്പീഡില്‍ പോയി കൊണ്ടിരുന്ന സിനിമ അവിടെ നില്‍ക്കുകയാണ്. പിന്നെയങ്ങോട്ട് ഒച്ച്‌ ഇഴയുന്നതിലും വേഗം കുറഞ്ഞു നീങ്ങുന്നു, പ്രണയ സീനുകളോട് പ്രണയ സീനുകള്‍. മോഹന്‍ലാലും ശ്രിയയുമാണ്‌ താരങ്ങള്‍ ഇവിടെ. എല്ലാ സീനിനും ആവശ്യത്തിലധികം കൂവല്‍ കൊടുത്തു കൊണ്ട് പ്രേക്ഷകരും തങ്ങളുടെ നിലപാട് അറിയിക്കുന്നുണ്ട്, പക്ഷെ, എന്ത് ചെയ്യാന്‍, ഒരിക്കലും തീരാന്‍ പോകുന്നില്ല എന്ന വാശിയോടെയാണ് ഇവരുടെ പ്രണയം. രണ്ടു പേരും തമ്മില്‍ ഒട്ടും ചേര്‍ച്ചയില്ലെങ്കിലും സ്ക്രീന്‍ കെമിസ്ട്രി ഒട്ടും തന്നെ ഇല്ലായിരുന്നു. അങ്ങനെ ബോറടിയുടെ അങ്ങേയറ്റം കണ്ടിരിക്കുന്ന സമയത്താണ് ശ്രിയയുടെ കൊലപാതകം വഴി ഒരു കിടിലന്‍ ട്വിസ്റ്റ്‌., ഹാവൂ, ഇനിയെങ്കിലും നന്നാവുമായിരിക്കുമെന്നു വിചാരിച്ചു സന്തോഷിച്ചു. എവിടെ... ആര് നന്നാവാന്‍? എന്നെ തല്ലണ്ടാമ്മേ, ഞാന്‍ നന്നാവൂല എന്ന് പറഞ്ഞത് പോലെ ഒരു അറുബോറന്‍ ക്ലൈമാക്സും സമ്മാനിച്ച്‌ കൊണ്ട് ഒന്നും എവിടെയും എത്തിക്കാതെ കാസനോവ തീര്‍ന്നു. എന്താ, ല്ലേ ടോ..

+ves 
മോഹന്‍ലാല്‍ ... ഈ പടം ആര്‍ക്കെങ്കിലും കുറച്ചെങ്കിലും ഇഷ്ടപ്പെട്ടെങ്കില്‍ അത് ഈ നടന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രം.
ക്യാമറ വര്‍ക്ക്‌.,
ശ്രിയ... അധികം ബോറടിപ്പിക്കാത്ത അഭിനയം.
ആദ്യ പകുതിയിലെ ചില ഡയലോഗുകളും കോമഡികളും.
വില്ലന്മാരില്‍ ഒരുത്തന്‍., അര്‍ജുന്‍.,
ഒരു പാട്ടും പശ്ചാത്തല സംഗീതവും.

-ves റോഷന്‍  ആന്‍ഡ്രൂസിന്റെ സംവിധാനം... കുറച്ചു നല്ലതാണെങ്കിലും ഇതിനു മുന്‍പ് ചെയ്തത് വെച്ച് നോക്കുമ്പോള്‍ പോര.
നായികമാര്‍...,, (ശ്രിയ ഒഴികെ ബാക്കിയെല്ലാം ആവശ്യത്തിനു വെറുപ്പിച്ചു.)
രണ്ടാം പകുതിയിലെ പ്രണയ രംഗങ്ങള്‍... ((...,(ബോറടിയുടെ കൊടുമുടി)
ക്ലൈമാക്സ് (ഒന്നും പറയാനില്ല)
ജഗതി, ശങ്കര്‍ (രണ്ടു പേരെയും നശിപ്പിച്ചു)
മോഹന്‍ലാലിന്‍റെ സെന്റി ഡയലോഗുകള്‍
ആക്ഷന്‍ രംഗങ്ങള്‍ (ഒന്നിനും ഒരു പൂര്‍ണത ഇല്ലായിരുന്നു)
വില്ലന്മാര്‍ (ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ചാടി കളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല)
ബോബി സഞ്ജയ്‌ ടീമിന്റെ തിരക്കഥ.. (ട്രാഫിക്‌ എഴുതിയ അതെ ആള്‍ക്കാര്‍ തന്നെയാണെന്ന് വിശ്വസിക്കാനെ പറ്റുന്നില്ല.)

മൊത്തത്തില്‍ പറഞ്ഞാല്‍ കാസനോവ = ന്യൂ പോലീസ് സ്റ്റോറി + ധൂം + ലവ് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍..,,

കാസനോവ -  4 /10

അവസാനമായി എന്നെ പറ്റി ഒരു വാക്യം...

ഞാന്‍ അജിന്‍ കൃഷ്ണ.. ഫ്ലോപ്പുകള്‍ കണ്ടു കൊതി തീരാത്തവന്‍ എന്നര്‍ത്ഥം.. 

Saturday, January 14, 2012

പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ - ഒരു നിഷ്പക്ഷ റിവ്യൂ

ഇന്നലെ ട്വിട്ടറില്‍ എന്റെ കസിന്‍ പോകുന്നോന്നു ചോദിച്ചപ്പോഴും 'ഇല്ല' എന്നാണ് പറഞ്ഞത്. പിന്നെപ്പോഴാണ് ഇത് എന്റെ മനസ്സില്‍ കടന്നു കൂടിയതെന്ന് ചോദിച്ചാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു 1 മണി ആയിക്കാണും, അപ്പോഴാണ്. എന്താണെന്നു മനസ്സിലായോ? ആ മേളിലുള്ള ടൈറ്റില്‍, അതില്‍ പറഞ്ഞ ആ മലയാള പടത്തിന്റെ കാര്യമാ പറയുന്നേ. ചുരുക്കി പറഞ്ഞാല്‍ പഭഡോസകു. അങ്ങനെ വിളിക്കാം നമുക്ക് ഈ മലയാള ചലച്ചിത്രത്തെ.

ഐഡിയ ഇട്ടതു എന്റെ അരുമ നന്പന്‍ അനൂപ്‌ ഏലിയാസ് നമ്പൂരി ഏലിയാസ് മഠത്തില്‍.. .., വോ, ലവന്‍ തന്നെന്ന്. ആയിക്കോട്ടെ, നന്‍പന്‍ന്‍റെ ആഗ്രഹമല്ലേ, പോകാം എന്നായി. തീയറ്ററില്‍ എത്തിയതും ശകുനങ്ങള്‍ മുഴുവന്‍ മോശം. ബാല്‍ക്കണി ടിക്കറ്റ്‌ സോള്‍ഡ് ഔട്ട്‌.., അത്രയ്ക്കും നല്ല പടമോ? എന്നാല്‍ പിന്നെ താഴെ ഇരുന്നു കണ്ടു കളയാം. തീയറ്റര്‍ ഏതാണെന്ന് പറഞ്ഞില്ലല്ലോ, കോറണേഷന്‍., തീയറ്റരിനെ  കുറിച്ച് ഒരു രണ്ടു വാക്ക് താഴെ കൊടുക്കുന്നു.

കോറണേഷന്‍., കോഴിക്കോടിന്‍റെ സ്വന്തം തീയറ്റര്‍., ഈ കാലത്തും എസി വെയ്ക്കാതെ ഫാനുകളാല്‍ കുളിര്‍മ പകരുന്ന തീയറ്റര്‍., ഈ കുളിര്‍മ ഫാനുകള്‍ക്ക് മാത്രം സ്വന്തം. മനസ്സിലായില്ലേ, ഒരു ഫാന്‍ മറ്റൊരു ഫാനിനാണ് കാറ്റ് കൊടുക്കുന്നത് എന്ന്. ഇനിയും മനസ്സിലായില്ലെങ്കില്‍, ഫാന്‍ 60 ഡിഗ്രി ചെരിച്ചു വെച്ച് പ്രേക്ഷകര്‍ക്ക്‌ കാറ്റ് തരുന്നതിനു പകരം, ഒരു സൈഡിലുള്ള ഫാന്‍ മറ്റേ സൈഡിലുള്ള ഫാനിനു അഭിമുഖമായി വെച്ച് പരസ്പരം കാറ്റ് കൈമാറുന്ന ഒരു പ്രത്യേക രീതി. ഇനിയും മനസ്സിലായില്ലെങ്കില്‍ ഇങ്ങു വന്നു നോക്ക്, അപ്പോള്‍ മനസ്സിലാകും. സാധാരണ തീയറ്ററുകളില്‍ അകത്തു തണുപ്പും, പുറത്തു ചൂടും ആണെങ്കില്‍ ഇവിടെ നേരെ തിരിച്ചാണ്. തീയറ്ററില്‍ നിന്ന് ഇറങ്ങുമ്പോഴാണ് നമുക്ക് അല്പം ആശ്വാസം കിട്ടുക. ഓ കെ, സിനിമയിലേക്ക് കടക്കാം.

ചൂടും സഹിച്ചു ഇരുപ്പു തുടങ്ങി. പടത്തിന്റെ പേര് എഴുതി കാണിച്ചപ്പോളൊക്കെ വന്‍ കൈയടി. ആഹഹഹ, കിടിലന്‍ പടം തന്നെ എന്ന് ഉറപ്പിച്ചു. ആക്ഷേപഹാസ്യം ആയിരിക്കുമെന്ന് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു. തുടക്കം തന്നെ രജനി സ്റ്റൈലില്‍ ശ്രീനിയണ്ണന്‍റെ പ്രവേശനം. വീണ്ടും വന്‍ കൈയടി, പ്രതീക്ഷകള്‍ കൂടുന്നു. കഥ മുന്നോട്ടു പോയി തുടങ്ങി. കുറെ ചളി തമാശകള്‍ അടിച്ചു പടം മുന്നേറുന്നു. ആദ്യത്തെ കൈയടി ഒക്കെ കുറഞ്ഞു തുടങ്ങി. ഇടയ്ക്ക് കൂവല്‍ തുടങ്ങിയോ എന്നൊരു സംശയം. പിന്നിലിരുന്നു ഏതോ ഒരുത്തന്‍ ആര്‍ത്താര്‍ത്തു ചിരിക്കുന്നു. എന്താ സംഭവമെന്ന് മനസ്സിലാകുന്നില്ല, ഏതോ പുളിച്ച ചളി കേട്ടിട്ടാണ് അണ്ണന്‍റെ ചിരി, അല്ല, അട്ടഹാസം. ഒന്ന് തിരിഞ്ഞു നോക്കി, ഒരു അസ്ഥിക്കൂടം ഡ്രസ്സ്‌ ചെയ്തു ഇരിക്കുന്നത് പോലുണ്ട്. ഈ നീര്‍ക്കോലിയുടെ വായില്‍ നിന്നാണ് ഇങ്ങനൊരു ചെയ്തി. അപ്പപ്പോ, എന്നാ കൊടുമൈ സാര്‍, എന്നും പറഞ്ഞു വീണ്ടും സ്ക്രീനിലേക്ക് നോക്കി, അതാ എഴുതി കാണിക്കുന്നു, ഇടവേള.  ഭാഗ്യം..

ഓടിയിറങ്ങി ഐസ് ക്രീമും മാങ്ങാ ജ്യൂസ്‌ പോലുള്ള രണ്ടു ബോട്ടിലും വാങ്ങി വീണ്ടും അകത്തേക്ക്. ഇപ്പൊ അത്ര ചൂടറിയുന്നില്ല, ഐസ് ക്രീമിന്റെ തണുപ്പുണ്ട്. പടം വീണ്ടും മുന്നോട്ടു നീങ്ങുന്നു, നേരത്തെ കുറച്ചു ചളികള്‍ കേട്ട് ചിരിക്കാന്‍ ഉണ്ടായിരുന്നു, ഇപ്പൊ അതും ഇല്ല, അസ്ഥിക്കൂടത്തിന്‍റെ ഒച്ചയൊന്നും കേള്‍ക്കാനും ഇല്ല. ബോറടിയോ ബോറടി. ഇഴഞ്ഞിഴഞ്ഞു പടം നീങ്ങുന്നു, പലരും സഹികെട്ട് ഇറങ്ങി പോകുന്നത് കാണാം, ശപ്പന്മാര്‍, ഇങ്ങനാണോ പടം ആസ്വദിക്കുന്നത്? ഛെ, എന്നും വിചാരിച്ചു വീണ്ടും സ്ക്രീനിലേക്ക് കണ്ണുകളെ തിരിച്ചു വിട്ടു. ഒരു കിടിലന്‍ ട്വിസ്റ്റ്‌., അമ്മേ, എന്ന് പലരും വിളിച്ചു കൂവുന്നത് കേള്‍ക്കാം. കൂവലുകളുടെ ശക്തി കൂടി. ഡയലോഗുകള്‍ ഒന്നും കേള്‍ക്കാനില്ല, ഛെ, അങ്ങനെ ഒരു വിധത്തില്‍ പടം തീര്‍ന്നു കിട്ടി. തീര്‍ന്നപ്പോള്‍ അതാ തീയറ്ററിലെ പ്രേക്ഷകര്‍, ദി സൊ കാള്‍ഡ് പൊട്ടന്മാര്‍, മുഴുവന്‍ എഴുന്നേറ്റു നിന്ന് കൂവുന്നു. പടം കഴിഞ്ഞതിന്റെ ആഹ്ലാദം. എന്റെ ഭാവം എന്തായിരുന്നെന്നു അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക്... 'കുഞ്ഞളിയന്‍' കണ്ട നമ്മുക്കുണ്ടോ വിഭോ  'പഭഡോസകു' ഏശുന്നു. ഹഹാ.

എന്തായാലും എത്രയും പെട്ടെന്ന് അനൂപിന്റെ ശകടത്തിന്റെ പിറകിലേറി തിരികെ യാത്ര. മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല, ഒന്നും ഏറ്റില്ല എന്ന് പറയുന്നതാകും ശരി. പടത്തിന്റെ കുറച്ചു നല്ലതും ചീത്തയും താഴെ കൊടുക്കുന്നു.

+ ve
ഫഹദ്, കുഞ്ഞു ശ്രീനി, രണ്ടു പേരും നന്നായി അഭിനയിച്ചു.
ബല്യ ശ്രീനിയുടെ കേണല്‍ പരിശീലനം, നന്നായി ചിരിക്കാന്‍ പറ്റി.
കുറച്ച്‌ ഡയലോഗുകള്‍, ചിരിപ്പിക്കാനുള്ളത്. ഒന്നും ഓര്‍മയില്ല.
'മൊഴികളും' എന്ന് തുടങ്ങുന്ന പാട്ട് നന്നായിരുന്നു.
നമ്മുടെ സിനിമയുടെ നിലവാരതകര്‍ച്ചയെ കുറിച്ചുള്ള ചില ഡയലോഗുകള്‍, ബൈ മുകേഷ്.
ജഗതി, (പച്ചാളം) നന്നായി.

- ve
കഥ, എന്തായിരുന്നോ ആവോ.
സംവിധാനം, സംവിധായകന് വരെ സ്ക്രിപ്റ്റില്‍ സംശയമായിരുന്നെന്നു തോന്നുന്നു.
ബല്യ ശ്രീനി, എന്തൊക്കെയോ കോപ്രായങ്ങള്‍ കാണിക്കുന്നു.
ആക്ഷേപഹാസ്യം അഥവാ സറ്റയര്‍., ഇതിനു അങ്ങനെ ശരിക്കും പറയാന്‍ പറ്റില്ല, ഇത് താര തേജോവധം എന്ന് പറയാം, അല്ലെങ്കില്‍ താറടിക്കുക എന്നും പറയാം, പ്രത്യേകിച്ച് മോഹന്‍ലാലിനെ.

പിന്നെന്താ, മൊത്തം സിനിമ. അതൊരു - ve ആണ്. എന്റെ വിധിനിര്‍ണയത്തില്‍ പത്തില്‍ നാല് മാര്‍ക്ക്‌., പാസ്‌ ആയിട്ടില്ല, ട്ടോ, അടുത്ത വട്ടം നോക്കാം.
(കാണേണ്ടവര്‍ക്കു പോയി കാണാം, സ്വന്തം റിസ്കില്‍., നല്ല പടം വരുമ്പോള്‍ കയറുന്നതാകും ഉത്തമം, ഹൈ, നോം എന്താ ജ്യോത്സ്യന്‍ ആയോ, എന്തേലും ആകട്ടെ, ആര്‍ക്കാ ചേതം.)

പഭഡോസകു - 4/10 .

Friday, January 6, 2012

കുഞ്ഞളിയന്‍ - ഒരു നേര്‍ക്കാഴ്ച

വെള്ളിയാഴ്ച ആണ്, കുറെ പടങ്ങള്‍ ഇറങ്ങും, ഏതു കാണുമെന്നു വിചാരിച്ചു രാവിലെ പത്രം എടുത്ത് നോക്കിയപ്പോഴാണ് കൊലച്ചതി മനസ്സിലായത്. എരപ്പന്മാര്‍, കോഴിക്കോട് എന്ന പ്രധാന നഗരത്തില്‍ ആകെ റിലീസ് ചെയ്തത് കുഞ്ഞളിയന്‍ മാത്രം. വേറെ കുറെ ഹിന്ദിയോ കുന്ദിയോ ഏതൊക്കെയോ ഉണ്ട്. വളര്‍ന്നു വരുന്ന മെട്രോ നഗരം ആണെങ്കിലും തീയറ്ററുകളുടെ കാര്യത്തില്‍ ഞങ്ങള്‍ പിശുക്കരാണ്. കൊള്ളാവുന്നതെന്ന് പറയാന്‍ രണ്ടോ മൂന്നോ എണ്ണം. അത്രേ ഉള്ളൂ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നവര്‍......., ബാക്കിയുള്ളവര്‍ തമിഴിന്റെയും ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും ആള്‍ക്കാരാണ്.

എന്തായാലും വേണ്ടില്ല, വിചാരിച്ച പടങ്ങള്‍ ഒന്നും ഇറങ്ങിയിട്ടുമില്ല, ഒന്നും കാണണ്ട എന്നും വിചാരിച്ചു ഓഫീസില്‍ ചെന്നിരിക്കുമ്പോള്‍ ആണ് അണ്ണന്‍ തലൈവര്‍ അരുണ്‍ സ്വാമികളുടെ വരവ്. നേരെ വന്നു അണ്ണന്‍ പറഞ്ഞത്, വൈകിട്ട് കുഞ്ഞളിയന് കൈരളിയില്‍ രണ്ടു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടെന്നാണ്. ഈശ്വരോ രക്ഷതു എന്ന് വിചാരിച്ച് ഉച്ചയ്ക്ക് ഗൂഗിളില്‍ കയറി കുഞ്ഞളിയന്റെ അഭിപ്രായ ശേഖരണം നടത്തി. നോക്കുമ്പോ അത്ര വല്യ അഭിപ്രായോന്നും ഇല്ല്യ. തുടക്കം നല്ലതാണെന്നും അവസാനം മോശമാണെന്നും ഒക്കെയുള്ള ഒരെണ്ണത്തില്‍ തൂങ്ങി പിടിച്ച് അരുണിനോട് ചോദിച്ചു.. വേണോ??? ബുക്ക് ചെയ്തു പോയ സ്ഥിതിക്ക് എന്തായാലും പോകാം എന്നായി അവസാന തീരുമാനം. അങ്ങനെ ഓഫീസും കഴിഞ്ഞു കത്തിയടിച്ച്‌ ഇരുന്നു തീയറ്ററില്‍ എത്തുമ്പോള്‍ സമയം ഏഴു കഴിഞ്ഞു അഞ്ചു മിനിട്ട്.

ഓടി തീയറ്ററില്‍ കയറുമ്പോള്‍ വന്‍ ബഹളമാണ് സ്ക്രീനില്‍..., ജഗദീഷ് വീണു കിടക്കുന്നു, എന്താന്ന് മനസ്സിലായില്ല്യല്ലോ എന്ന് വിചാരിച്ച് വിഷമിച്ചു സീറ്റും തപ്പി പിടിച്ച് ഇരുന്നു. അപോഴാണ് മനസ്സിലായത്, കഥാനായകന്‍ ജയസുര്യക്ക് ലോട്ടറി അടിച്ചെന്നു കേട്ട് ബോധം പോയതാണ് അളിയന്. ശരിക്കും അളിയന്‍ തന്നാണ് കേട്ടോ, നോക്കുമ്പോള്‍ വേറൊരു സ്ഥലത്ത് വേറൊരു അളിയനും(അശോകന്‍ ) ഇത് കേട്ട് ബോധം കേട്ട് കിടക്കുന്നു. അപ്പോഴേ സംഗതി അബദ്ധമായോ എന്ന് ചെറിയോരു സംശയം തോന്നി.. ആ തോന്നല്‍ ശരി വെച്ച് കൊണ്ട് കഥ അങ്ങനെ മുന്നോട്ടു നീങ്ങി.. കഥാനായകന്‍ രംഗപ്രവേശം ചെയ്യുന്നതും, അളിയന്മാര്‍ (മറ്റൊരാള്‍ വിജയരാഘവന്‍ ) ലോട്ടറി തുക സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും ഒക്കെ നല്ല ഭംഗിയായി ബോറടിപ്പിച്ചു കൊണ്ട് കഥ മുന്നോട്ടു നീങ്ങി. ഒരു മണിക്കൂര്‍ ക്രിത്യമായപ്പോള്‍ ഇടവേള എഴുതി കാണിച്ചു. അപ്പോഴുണ്ടായ സന്തോഷം പറയണ്ട, ഇടവേള ഉണ്ടായതു ഭാഗ്യം എന്ന് വിചാരിച്ചിട്ടാ, ട്ടോ. ഇടവേളയില്‍ ഓഫീസിലെ ആനന്ദേട്ടനെ കണ്ടു ഞങ്ങളുടെ അവസ്ഥ വിവരിച്ചു. പലയിടത്തും പലരും ഇതേ പോലെ ദുഃഖം പങ്കു വെയ്ക്കുന്നുണ്ടായിരുന്നു.

എന്തായാലും കയറിയതല്ലേ, പടം കഴിഞ്ഞിട്ട് ഇറങ്ങിയാല്‍ മതി എന്ന് ദ്രിടനിശ്ചയം എടുത്ത് കൊണ്ട് രണ്ടാമത്തെ പകുതിക്ക് തല വെച്ചു. ആദ്യപകുതിയില്‍ തന്നെ നമ്മുടെ നായിക (അനന്യ ) രംഗപ്രവേശം നടത്തിയിരുന്നു, കേട്ടോ, ഇടവേള വരെ പലരെയും തുറിച്ചു നോക്കിയും ബോധമില്ലാതെ എന്തൊക്കെയോ സംസാരിച്ചും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു അനന്യ. ഇനിയിപ്പോ ഞങ്ങളുടെ ബോധം പോയതാണോ എന്നും സംശയിക്കാം, ഞങ്ങളെ കുറ്റം പറയണ്ട, സജി സുരേന്ദ്രന്‍ ഉണ്ടല്ലോ, പിന്നെ പൂജപ്പുര കൃഷ്ണനും, അവരെ പറഞ്ഞോളൂ. അങ്ങനെ രണ്ടാം പകുതി തുടങ്ങി, സുരാജ് രംഗപ്രവേശം ചെയുന്നു, കുറച്ചു കോമഡി അടിക്കുന്നു, സദസ്സ് ഇളകിമറിയുന്നു. കാരണം, അത് വരെ ചലനശേഷി നഷ്ടപെട്ടവരെ പോലെയായിരുന്നു പ്രേക്ഷകര്‍, അപ്പോള്‍ എന്തേലും കാരണം കിട്ടിയാല്‍ ഇളകി മറിയണമല്ലോ, സ്വാഭാവികം. കഥയുടെ ദിശ മാറും മാറും എന്ന് വിചാരിച്ചിരുന്നു സമയം പോയി. സ്ക്രീനില്‍ അഭിനയ പ്രകടനങ്ങള്‍ കൊണ്ട് നടന്മാരും നടിമാരും തകര്‍ക്കുകയാണ്, ഇത്രയും അഭിനയശേഷി കാണണ്ട എന്ന് കരുതിയിട്ടാകണം, പലരും എഴുന്നേറ്റു പുറത്തു പോയി.

അങ്ങനെ ക്ലൈമാക്സ്‌ എത്തി, ഹോ, എന്തൊരു ക്ലൈമാക്സ്‌, വില്ലന്മാര്‍ ഒരു സൈഡില്‍, ബാക്കിയുള്ളവര്‍ മറ്റേ സൈഡില്‍, അവിടെ വടം വലി നടക്കുകയാണ്, വടമായിട്ടു ഉപയോഗിക്കുന്നത് ഒരു പണപ്പെട്ടി ആണെന്ന് മാത്രം. നായകനും നായികയും സുരാജും അത് നോക്കി നിന്ന് രസിക്കുന്നു. അങ്ങിനെ വില്ലന്മാരെ അധികമൊന്നും തല്ലു കൊള്ളിക്കാതെ അവര്‍ക്ക് ഒരു താക്കീതു കൊടുത്ത്‌ നാട്ടുകാര്‍ സ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു. എല്ലാത്തിനും കാരണക്കാരനായ കുഞ്ഞളിയനെ എല്ലാരും ചേര്‍ന്ന് പോക്കുന്നു,  ശുഭം. പടം തീര്‍ന്നു, ട്ടോ, ഇറങ്ങി ഓടി, വീട്ടില്‍ എത്തിയിട്ട് വേണ്ടേ ക്ഷീണം തീര്‍ക്കാന്‍.., വെറുതെയല്ല സന്തോഷ്‌ പണ്ഡിറ്റ്‌ ഒക്കെ പടം ഇറക്കുന്നത്‌ എന്ന് മനസ്സില്‍ പിറുപിറുത്തു, സജി സുരേന്ദ്രനെയും, കൃഷ്ണനെയും, അഭിനയ കുലപതികളെയും മനസ്സില്‍ തെറി വിളിക്കുകയും ചെയ്തു വീട്ടില്‍ എത്തി. നല്ല തണുത്ത വെള്ളത്തില്‍ ഒന്ന് കുളിച്ചപോള്‍ കുറച്ചു സമാധാനം കിട്ടിയത് മെച്ചം.

ഇങ്ങനെയും പടം എടുക്കാം എന്ന് തെളിയിച്ചു തന്ന സജിയോടും കൃഷ്ണനോടും ചോദ്യം, നിങ്ങള്‍ തന്നെയാണോ ഇവര്‍ വിവാഹിതരായാല്‍, സന്തുഷ്ട ഭര്‍ത്താക്കന്മാര്‍ എന്നീ പടങ്ങള്‍ ചെയ്തത്? പ്രേക്ഷകര്‍ വിഡ്ഢികള്‍ ആണെന്ന് വിചാരിച്ചാണോ ഇങ്ങനൊരു പടം എടുത്തത്‌?
എന്ത് പറയാനാ കൂട്ടരേ, അഞ്ചു പൈസക്ക് കൊള്ളാത്ത ഒരു സിനിമ, പറയാന്‍ നല്ലതിനായി സുരാജിന്റെ ഒരു അഞ്ചു കോമഡി മാത്രം, ബാക്കി കഥയും, കഥാപാത്രങ്ങളും, വാങ്ങുന്ന പൈസയ്കുള്ള നിലവാരം പോലും പുലര്‍ത്തിയില്ല. പുതുവര്‍ഷം ഇങ്ങനെ തുടങ്ങാനായിരിക്കും വിധി, എല്ലാരും പോയി കാണണം, ട്ടോ ഈ പടം. ശുഭരാത്രി...